ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർലമെന്റ് അംഗം കാതറിൻ കോണോലി വിജയത്തിലേക്ക്. ഇന്നലെ നടന്ന വോട്ടെടുപ്പിന്റെ ആദ്യഫലങ്ങൾ കോണോലിക്ക് അനുകൂലമാണ്.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കോണോലിക്ക് സിൻ ഫെയ്ൻ, ലേബർ, സോഷ്യൽ ഡെമോക്രാറ്റ് തുടങ്ങിയ ഇടതുപാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷി സർക്കാരിന്റെ ഭാഗമായ ഫിനെ ഗേൽ പാർട്ടിയുടെ ഹെതർ ഹംഫ്രീസ് ആയിരുന്നു എതിരാളി.
സൈക്കോളജിസ്റ്റും അഭിഭാഷകയുമായിരുന്ന കാതറിൻ കോണോലി 2016 മുതൽ പാർലമെന്റ് അംഗമാണ്. ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അയർലൻഡിൽ പ്രസിഡന്റ് പദവി ആലങ്കാരികമാണ്. 2011 മുതൽ പ്രസിഡന്റ് പദവി വഹിക്കുന്ന മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി നവംബർ 10ന് അവസാനിക്കും.